
About us
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. സ്വന്തം നാട്ടില്‍ നിന്നും മലയാള ഭാഷയില്‍ നിന്നും അകന്ന് വിവിധ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ ജീവിക്കുന്നവരാണ് പ്രവാസിമലയാളികള്‍. അതുകൊണ്ടുതന്നെ വീട്ടിലൊഴികെയുള്ളിടത്തെല്ലാം ഹിന്ദിയോ ഇംഗ്ലീഷോ മറ്റേതെങ്കിലും ഭാഷയോ അവര്‍ക്ക് ഉപയോഗിക്കേണ്ടിവരുന്നു. ജന്മനാടിനോടും മാതൃഭാഷയോടുമുള്ള കാല്‍പ്പനികവും ഗൃഹാതുരത്വം നിറഞ്ഞതുമായ അഭിനിവേശമാണ് ഇവരില്‍ മക്കളെ മലയാളം പഠിപ്പിക്കണമെന്ന ആഗ്രഹമുണര്‍ത്തിയത്. മാതൃഭാഷയും സംസ്‌കാരവുമായുള്ള സവിശേഷബന്ധം നിലനിര്‍ത്താനും വരും തലമുറകളിലേക്ക് അത് പകര്‍ന്നുകൊടുക്കാനുള്ള ആഗ്രഹവും നിമിത്തം വളരെ ലളിതമായ വിധത്തില്‍ മലയാള ഭാഷ പഠിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ പലയിടത്തും സംഘടിതമായും അല്ലാതെയും നടന്നിട്ടുണ്ട്. എന്നാല്‍ ഇതിന് ഒരു ഏകീകൃത രൂപമോ ഘടനയോ ഉണ്ടായിരുന്നില്ല. വിവിധ മലയാളി സംഘടനകളുടെ പങ്കാളിത്തത്തോടെ ഡല്‍ഹിയില്‍ കേരള സര്‍ക്കാര്‍ മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു.
